Tuesday, August 12, 2008

നമുക്കെന്തിനീ കുന്ത്രാണ്ടം?

ഏഴുമണിക്ക് ട്യൂഷനു പോണം കുഗ്രാമത്തിൽ നിന്നും സിറ്റിയിലെ ട്യൂഷൻ സെന്ററിലെത്താൻ
കാക്ക എണീക്കും മുൻപെ എണീറ്റാലെ പറ്റൂ. അതു കഴിഞ്ഞ് ബസ് വരാറാവും മുൻപെ എങ്ങിനെയെങ്കിലും ഓടിയെത്താൻ തുടങ്ങുമ്പോഴുണ്ട് ദേണ്ടെ കിടക്കുന്നു വാൽക്കഷ്ണം.

ദൈവമെ ഈ സാധനം എങ്ങിനെയാണോ ഒന്നു കെട്ടിത്തൂക്കുന്നെ എന്നു പഠിച്ച പണി പതിനെട്ടും
പയറ്റിയിട്ടും പറ്റുന്നില്ല. പണ്ടൊക്കെ സ്കൂളിൽ പോകുമ്പോൾ ഇതിന്റെ അറ്റത്തൊരു ഇലാസ്റ്റിക് ബെൽറ്റും ക്ലിപ്പും ഒക്കെ യുണ്ട് ഈസിയായി എടുത്ത് കഴുത്തിലണിഞ്ഞാൽ മതി. നെഞ്ചത്തു വരെ മിക്കവാറും ഇറക്കം കാണൂ എന്നാലും ആ ഒരു കഷണം തുണികഴുത്തിലുണ്ടെങ്കിൽ എല്ലാമായി എന്നാണ് സ്കൂളിൽ !. എന്നാലിപ്പോൾ പ്ലസ് ഒൺ ആയ ശേഷം ആ ടൈ മാറ്റി ഇപ്പോൾ തനിയെ ചുറ്റിക്കെട്ടണം. നേരം കെട്ട നേരത്തീ സാധനം എങ്ങിനെയൊന്നു കഴുത്തിലിടൂം എന്ന ചിന്തകാരണം ആദ്യ ദിവസം തന്നെ പോകേണ്ട ബസും നഷ്ടമായി.. ഒടുവിൽ വല്ല വിധേനയും
എങ്ങിനെയൊക്കെയോ അതെടുത്ത് ഒരുവിധം ചുറ്റിക്കെട്ടി. ക്ലാസിൽ ചെന്നപ്പോഴല്ലെ ബഹുവിശേഷം . എന്റെ ക്ലാസിൽ പലരും ആ തുണിക്കഷ്ണം ചുരുട്ടി കയ്യിലും പാന്റ്സിന്റെ പോക്കറ്റിലുമായിട്ടിരിക്കുന്നു!!. ടീച്ചർ ക്ലാസിൽ വന്നെല്ലാരെം നോക്കി..ങും എന്താ ഇത് കഴുത്തിൽ കെട്ടാത്തത്”?.... ഓരൊരുത്തരും ഓരൊന്നു പറഞ്ഞു. എന്റെ അടുത്തെത്താറായി ടീച്ചൽ ഞാൻ
കരുതി എന്നെം ഇപ്പം വഴക്കു പറയും...

ടീച്ചർ അടുത്തെത്തിയപ്പോൾ പറഞ്ഞു എല്ലാരും നോക്കൂ‍ ദാ ഇതു കണ്ടൊ.......?
ദൈവമെ എന്റെ മാനം പോയി എന്നു ഞാൻ കരുതി..
......കണ്ടോ.. ദാ ഈ കുട്ടി കെട്ടിയിരിക്കുന്നതു കണ്ടോ എല്ലാരും ഇതേപോലെ കെട്ടണം കേട്ടൊ..!“

ഈശ്വരാ രക്ഷപ്പെട്ടു.. ഹ...ഹ..ഹ.. കൂട്ടു കാരൊക്കെ അടുത്തു വന്നു ചോദിച്ചു,, എങ്ങിനെയാ ഇതു കെട്ടിയേ!.

പക്ഷെ അതെങ്ങിനെയാ കെട്ടിയതെന്നോ ഇനി ഇതെങ്ങിനെ അഴിച്ചെടുക്കുമെന്നോ സത്യം പറഞ്ഞാൽ എനിക്കറിയില്ലായിരുന്നു!. എങ്ങിനെയോ ഒരു കുടുക്കു വീണു, വീട്ടിൽ പോയിട്ടു വേണം അതെങ്ങിനെയും എടുക്കാൻ അഴിക്കാൻ പറ്റിയില്ലെങ്കിൽ അറുത്തെങ്കിലും എടുക്കണം എന്ന ചിന്തയിലിരിക്കുമ്പോഴാണ് ടീച്ചറിന്റെ പ്രഖ്യാപനം!,

സത്യത്തിൽ നമ്മുടെ കാലാവസ്ഥയ്ക്കിതിന്റെ വല്ലോം ആവശ്യമുണ്ടൊന്ന് പലവട്ടം ചിന്തിച്ചു പക്ഷെ ആരൊട് പറയും വീട്ടിൽ പറഞ്ഞാലന്നേരം പറയും വൃത്തിയും മെനയും ആയി നടക്കാൻ നോക്കാൻ!. സ്കൂളിൽ പറഞ്ഞാൽ ചേലായി!. പിന്നെന്തു ചെയ്യും?. കഴുത്തിൽ ഇറൂകിയ ടൈ, കാലിൽ സോക്സും ഷൂവും, മാനം കറുത്താൽ ചുറ്റും വെള്ളം കയറുന്ന സ്കൂൾ അതിലീ ഷൂവും വലിച്ചിഴച്ച് നടക്കുന്ന ഞങ്ങളൂടെ സങ്കടം ആരറിയും?. (എൽ. കെ. ജി മുതലുള്ള അനുഭവം ഇങ്ങിനെയാണ് ). ഈയിടെ അച്ഛൻ പറയുന്നതു കേട്ടു എവിടെയോ വായിച്ചെന്ന്. ഈ കഴുത്തിൽ കെട്ടിയിടുന്ന തുണിക്കഷണം ആണത്രെ ഏറ്റവും കൂടുതൽ അണുക്കളെ വഹിക്കുന്നത് പ്രത്യേകിച്ചും ഡോക്റ്ററ്മാർ ഇതുപയോഗിക്കാനെ പാടില്ലാത്രെ. മറ്റുള്ള വസ്ത്രങ്ങൾ ദിവസവും കഴുകുമ്പോൾ ഇത് വല്ലപ്പോഴുമെങ്കിലും ഡ്രൈക്ലീൻ ചെയ്യാറൂണ്ടോ?. അപ്പോൾ ഇതിലൂടെ പ്രസരിക്കപ്പെടുന്ന അണുക്കൾക്ക് വല്ല കണക്കും കയ്യുമുണ്ടാവുമോ?.

പക്ഷെ പറഞ്ഞിട്ടെന്താ, ചെവിക്കൊള്ളാനാരുമില്ല!!..ഞങ്ങളൂടെ ഒരു യോഗമേ!.

6 comments:

കുറുമ്പൻ said...

ദൈവമെ ഈ സാധനം എങ്ങിനെയാണോ ഒന്നു കെട്ടിത്തൂക്കുന്നെ എന്നു പഠിച്ച പണി പതിനെട്ടും
പയറ്റിയിട്ടും പറ്റുന്നില്ല.

ഒരു “ദേശാഭിമാനി” said...

സായിപ്പ് ചെയ്യുന്നു, ഞാനും ചെയ്യുന്നു.... വെറുതെ പിന്തിരിപ്പന്മാരെപ്പോലെ പറയല്ലേ! വിയര്‍ത്തു ഒലിച്ചു ടൈയും കെട്ടി, നാറുന്ന സോക്സും, വവ്വാലിന്റെ കോട്ടും ഇട്ടു നടക്കുന്ന എക്സിക്കുട്ടന്മാ‍രെ കാണുമ്പോള്‍ - പാവം എക്സിക്കുട്ടന്മാര്‍!

നമ്മുടെ കാലാവസ്ഥക്കു പറ്റിയ വേഷം ഉപയോഗിക്കാന്‍ പോലും നമുക്കു സ്വാന്ത്രമില്ലല്ലോ! ഓരെ ഗതികേടേ....!

Lathika subhash said...

ഒത്തിരിക്കാലം
ഒത്തിരിപ്പേര്‍
ചര്‍ച്ച
ചെയ്ത
കാര്യം.
എന്നാലും
നന്നായി.

ശ്രീ said...

എന്തു ചെയ്യാന്‍?

കുഞ്ഞന്‍ said...

എന്റെഷ്ടാ ഇതൊക്കെ ധരിച്ചാലെ ഒരു ഒരു ഇത് ഉണ്ടാകുകയൊള്ളൂ..! സ്റ്റാറ്റസ് സിംബല്‍..!

എനിക്കുതോന്നുന്നത് ടൈ കെട്ടുന്നവരോട് ടൈ ധരിച്ചുകൊണ്ട് നടക്കുന്നത് ഇഷ്ടമാണൊയെന്നു ചോദിച്ചാല്‍ അധികം പേരും അല്ല എന്ന മറുപടിയായിരിക്കും തരുന്നത്.

മിർച്ചി said...

എന്ത് ചെയ്യാനാ മോനെ,ഒക്കെ അനുഭവിച്ചല്ലെ പറ്റൂ.

സാരമില്ല ഈ ബുദ്ധിമുട്ടൊക്കെ മോന്‍ പഠിച്ച് വലിയ
നല്ല ജോലിയൊക്കെ കിട്ടിക്കഴിയുമ്പോള്‍ മാറും.
അന്നേരം യൂണിഫോം ടൈ അല്ലാതെ ഒഫിഷ്യല്‍ ടൈ
കെട്ടാം. കേട്ടോ